ലാലുവിന് 5 വർഷം തടവും 60 ലക്ഷം രൂപ പിഴയും ശിക്ഷ


ന്യൂഡൽഹി:കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തെ കേസിലും കഴിഞ്ഞ ദിവസം സി.ബി.ഐ പ്രത്യേക കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ബീഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ അഞ്ച് വർഷം തടവിനും 60 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. വീഡിയോ കോൺഫ്രൻസിലൂടെയാണ് ലാലു ശിക്ഷാവിധി കേട്ടത്. ജുഡീഷ്യൽ കസ്റ്റഡിയിൽ ലാലു ആശുപത്രിയിൽ ചികിത്സയിലാണ്.

ഡൊറാൻഡ ട്രഷറിയിൽ നിന്നും 139. 35 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നതായിരുന്നു അഞ്ചാമത്തെ കേസിലെ കുറ്റപത്രം. ആദ്യത്തെ നാല് കേസുകളിൽ തടവ് ശിക്ഷ ലഭിച്ച ലാലു പ്രസാദ് യാദവ് 2017 ഡിസം.മുതൽ മൂന്ന് വർഷവും 90 ദിവസവും ജയിൽ വാസം അനുഭവിച്ചിരുന്നു. തുടർന്ന് ലാലുവിന് ജാമ്യം ലഭിച്ചു. ശാരീരിക പ്രശ്നങ്ങൾ മൂലം ജാമ്യം ലഭിച്ച ലാലു ഏറെ നാളുകളായി റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ്. 1990 കളിൽ ലാലു ബിഹാർ മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ, മരുന്നുകൾ, ഉപകരണങ്ങൾ എന്നിവ വാങ്ങിയതിൽ 940 കോടി രൂപ തട്ടിയെടുത്തതായാണ് സി.ബി.ഐ ചാർജ്ജ് ചെയ്ത കേസ്. ലാലുവിനൊപ്പം 39 പേരും കുറ്റക്കാരാണെന്ന് റാഞ്ചിയിലെ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു.

Post a Comment

Previous Post Next Post